KeralaClick.com

Thursday, September 15, 2011

ആതിരരാവില്‍...

ആതിരരാവില്‍, ഈ ആര്‍ദ്രനിലാവിലെന്‍
ചാരത്തു നീയൊന്നു വന്നുവെങ്കില്‍..
മെല്ലെ,ചിരിച്ചെന്റെ കൈപിടിച്ചോമലേ
തെല്ലു നേരം ചേര്‍ന്നിരുന്നുവെങ്കില്‍..
എത്ര പ്രിയതരമീ നീലരാവ്‌, നിന്‍
ചിത്രമെന്‍ നെഞ്ചില്‍ തെളിഞ്ഞു നില്ക്കെ
തഴുകുന്ന കാറ്റിന്റെ തണുവുള്ള കൈകള്‍ക്കു
നറുചന്ദനത്തിന്‍ നനുത്ത ഗന്ധം
തരളമെന്‍ മെയ്യിലോ പുളകമായ് പെയ്യുന്ന
കുളിരിളം മഞ്ഞിന്‍ തണുത്ത സ്പര്‍ശം
മഞ്ഞിന്‍ വിലോലമാം മൂടുപടം നീക്കി
മഞ്ജിമയോലും നിലാവൊഴുക്കി,
എന്നുള്ളിലാകെ കുളിര്‍ചാര്‍ത്തുമീ നിറ
തിങ്കള്‍ നീയെന്നു കൊതിച്ചുപോയി.
ഏതോ നിശാപുഷ്പഗന്ധം പുരണ്ടൊരീ
ശീതളലോലകരങ്ങളാലേ,
എന്നെ തലോടിയൊഴുകുമീ താരിളം
തെന്നല്‍ നീയെന്നു നിനച്ചുപോയി..
ഈ രാവു മാഞ്ഞിടാ,മീ കാറ്റകന്നിടാം
ഈ നിലാപ്പൊയ്ക മറഞ്ഞു പോകാം
എങ്കിലും ദിവ്യമീ കുളിരും സുഗന്ധവു-
മെന്നെന്നുമെന്നെ പുണര്‍ന്നുനില്‍ക്കും..

3 comments:

  1. ബ്ലോഗ്‌ അഭിപ്രായങ്ങളില്‍ വലിയ കാര്യമില്ല. എങ്കിലും പറയട്ടെ. ഞാന്‍ ഇവിടെ കണ്ട എല്ലാ കവിതകളും വായിച്ചു. ചില ഭാഗങ്ങള്‍ കൊള്ളാം . എങ്കിലും പലപ്പോഴും എന്തെല്ലാമോ പറയുവാന്‍ ശ്രമിക്കുന്നു.. പക്ഷെ മറ്റു എന്തെല്ലാമോ പറയുന്നു എന്നാണ് സ്ഥിതി. തുടര്‍ന്ന് എഴുതുക.

    ReplyDelete
    Replies
    1. തുറന്ന അഭിപ്രായത്തിനു നന്ദി..
      മെച്ചപ്പെടുത്താന്‍ ശ്രമിക്കാം..

      Delete
  2. Hi, Pls drop me a mail... so that I can share you my way of rendering your poem, aathiraraavil....harisankarkr@gmail.com

    ReplyDelete