KeralaClick.com

Friday, March 9, 2012

ഒരു പ്രണയചിന്ത...













When one is in love one begins by deceiving one’s self. And one ends by deceiving others. That is what the world calls a romance.”.... 
ഇതു പറഞ്ഞതിനു ശേഷവും Oscar Wilde പ്രണയിച്ചിട്ടുണ്ടാണം. അറിവുള്ളവര്‍, മഹായോഗികളും തത്വചിന്തകരും പണ്ഡിതശ്രേഷ്ടരും പ്രണയിച്ചു.  പ്രണയം ഒരു ആഭിചാരകനാണ്..ഏറ്റവും വെളിച്ചമുള്ള കണ്ണുകളിലും അന്ധത വീഴ്ത്താന്‍ കഴിവുള്ള ആഭിചാരകന്‍. അതുകൊണ്ടുതന്നെയാണല്ലോ, 'ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ' മുതല്‍ യുഗയുഗാന്തരങ്ങളിലൂടെ അതു നിലനില്‍ക്കുന്നതും.
  ഈ so called Greatness -നെ ഒന്നു define ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒറ്റവാക്കില്‍
The Most Powerful Blackmagic എന്നു പറയാം അല്ലേ.. നമ്മുടെ മനസ്സ് നമ്മളോടു തന്നെ കാണിക്കുന്ന ഒരു കണ്കെട്ടുവിദ്യ. ഹൃദയം തലച്ചോറിനെ മറികടക്കുമ്പോള്‍ പ്രണയം സംഭവിക്കുന്നു. അഥവാ, വികാരം വിവേകത്തെ മയ്ക്കുമ്പോള്‍ നാം പ്രണയിച്ചു തുടങ്ങുന്നു..
  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, Love is the Sweetest Poison. ഏതായാലും എല്ലാവരും അംഗീകരിക്കുന്ന ഒന്നുണ്ട്- വിഷമാണെന്നറിയുമ്പോഴും വീണ്ടും വീണ്ടും കുടിക്കാന്‍ പ്രേരിപ്പിക്കുന്ന അതിന്റെ മാധുര്യം.
"പ്രണയം മൃതി പോല്‍ ശക്തം, ശവക്കല്ലറ പോല്‍ കഠിനം" എന്ന് ചങ്ങമ്പുഴ പറയുന്നു. 'ഹൃദയസാഗരങ്ങളെ പാടിപ്പാടിയുണര്‍ത്തുന്ന ഈ സാമഗീതത്തെക്കുറിച്ച് ഒ.എന്‍.വി പാടുന്നു, യേശുദാസിന്റെ ഗന്ധര്‍വസ്വരത്തില്‍..
  ഇത്രയേറെ പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു മിഥ്യ, ഈശ്വരന്‍ കഴിഞ്ഞാല്‍ പിന്നെ പ്രണയമല്ലാതെ മറ്റൊന്നുണ്ടാവില്ലെന്നു തോന്നുന്നു. പ്രപഞ്ചത്തില്‍ അറിയപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ ഒരു നുണയാണു പ്രണയം. ഏറ്റവും വിശ്വസിക്കപ്പെടുന്നതും.

(whatever, love is damn irresistible.. u just cant escape..! :P )

Thursday, March 8, 2012

Believers, jealous of u...Really..!


വിശ്വാസം, painkilling drug പോലെയാണ്.
താല്‍ക്കാലികമായിട്ടാണെങ്കിലും അയഥാര്‍ത്ഥമായിട്ടാണെങ്കിലും വേദനകള്‍ക്ക് അത് ശമനം നല്കുന്നു. അതിന്റെ മയക്കത്തില്‍ വേദനയറിയാതെ സമാധാനമായി നാമുറങ്ങുന്നു, ശുഭസ്വപ്നങ്ങള്‍ കാണുന്നു..
അസ്തിത്വമില്ലാത്ത ഈശ്വരനിലും വിശ്വാസമില്ല, അസ്തിത്വമുള്ള മനുഷ്യരേയും വിശ്വാസമില്ല എന്നുള്ളവരുടെ കാര്യം കഷ്ടമാണ്. സ്നേഹിക്കുന്നവര്‍ക്കു നല്ലതേ വരാവൂ എന്ന് ആരോടാണ്‌ അപേക്ഷിക്കുക? എന്തു കണ്ടിട്ടാണ്‌ പ്രതീക്ഷിക്കുക?...

കാലം ഈ നിമിഷത്തില്‍ അവസാനിക്കുന്നില്ല..
നാളെകള്‍ നമ്മുടേതും കൂടിയാണ്!..പ്രകാശമുള്ള നാളെകള്‍...

Thursday, September 15, 2011

ആതിരരാവില്‍...

ആതിരരാവില്‍, ഈ ആര്‍ദ്രനിലാവിലെന്‍
ചാരത്തു നീയൊന്നു വന്നുവെങ്കില്‍..
മെല്ലെ,ചിരിച്ചെന്റെ കൈപിടിച്ചോമലേ
തെല്ലു നേരം ചേര്‍ന്നിരുന്നുവെങ്കില്‍..
എത്ര പ്രിയതരമീ നീലരാവ്‌, നിന്‍
ചിത്രമെന്‍ നെഞ്ചില്‍ തെളിഞ്ഞു നില്ക്കെ
തഴുകുന്ന കാറ്റിന്റെ തണുവുള്ള കൈകള്‍ക്കു
നറുചന്ദനത്തിന്‍ നനുത്ത ഗന്ധം
തരളമെന്‍ മെയ്യിലോ പുളകമായ് പെയ്യുന്ന
കുളിരിളം മഞ്ഞിന്‍ തണുത്ത സ്പര്‍ശം
മഞ്ഞിന്‍ വിലോലമാം മൂടുപടം നീക്കി
മഞ്ജിമയോലും നിലാവൊഴുക്കി,
എന്നുള്ളിലാകെ കുളിര്‍ചാര്‍ത്തുമീ നിറ
തിങ്കള്‍ നീയെന്നു കൊതിച്ചുപോയി.
ഏതോ നിശാപുഷ്പഗന്ധം പുരണ്ടൊരീ
ശീതളലോലകരങ്ങളാലേ,
എന്നെ തലോടിയൊഴുകുമീ താരിളം
തെന്നല്‍ നീയെന്നു നിനച്ചുപോയി..
ഈ രാവു മാഞ്ഞിടാ,മീ കാറ്റകന്നിടാം
ഈ നിലാപ്പൊയ്ക മറഞ്ഞു പോകാം
എങ്കിലും ദിവ്യമീ കുളിരും സുഗന്ധവു-
മെന്നെന്നുമെന്നെ പുണര്‍ന്നുനില്‍ക്കും..

നഷ്ടസ്വപ്നങ്ങളോട്....


പൊന്‍മുരളികയൂതിയെത്തിയോരെന്‍ മനോഹരസ്വപ്നമേ
എന്നില്‍ നിന്നും പിരിഞ്ഞകന്നു നീയെങ്ങു മാഞ്ഞുമറഞ്ഞു പോയ്..
അന്നു ശൂന്യമെന്‍ വേദിയേറി നിന്‍ പൊന്‍ചിലമ്പണിഞ്ഞാടി നീ
ഒരു മലരേ കൊതിച്ചതുള്ളു ഞാന്‍, വരവസന്തമായ് പുല്‍കി നീ
നിന്‍ വിരല്‍ത്തുമ്പില്‍ നിന്നടര്‍ന്നൊരാ വര്‍ണരേണുക്കള്‍ പോലുമേ,
എന്നിലന്നു ഹാ! തീര്‍ത്തതില്ലെത്ര മഞ്ജുമാരിവില്‍മാലകള്‍!..

നുരയുമുന്‍മദം തിമിരമേറ്റവേ പദമുലഞ്ഞു ഞാന്‍ വീണുപോയ്
നിന്‍ സുഗന്ധവും ദിവ്യഗാനവുമെന്നില്‍ നിന്നേയകന്നു പോയ്
നരകവഹ്നിയെരിഞ്ഞുയര്‍ന്നെന്റെ നടനവേദിയും മൂടവേ
എന്റെ പൂക്കള്‍ കരിഞ്ഞുപോയ്, മൂകമെന്‍ മുരളി തകര്‍ന്നു പോയ്
എന്റെ പൊയ്ക വരണ്ടുപോയ്, രാഗവര്‍ണമാരിവില്‍ മാഞ്ഞുപോയ്
അന്ധകാരം ചുഴന്നു നില്‍ക്കുമീ വന്‍കയത്തില്‍ ഞാന്‍ വീണുപോയ്...

ഒന്നുവന്നു നീ തൊട്ടുപോകിലോ മന്നിനപ്രാപ്യപുണ്യമേ,2
നന്ദനാരാമമൊന്നുയിര്‍ക്കുമീ വന്‍ മരുഭൂവിലക്ഷണം!
എന്നില്‍ നിന്നും മറഞ്ഞുമാഞ്ഞതാമെന്‍ വിഗതസൌഭാഗ്യമേ,
പിന്തിരിഞ്ഞൊന്നു നോക്കുമോ, എന്റെ സന്നശബ്ദം ശ്രവിക്കുമോ..
ഒന്നരികില്‍ നീ വന്നു ശൂന്യമാമെന്‍ കരങ്ങള്‍ ഗ്രഹിക്കുമോ
നിന്‍ മുരളികയൂതുമോ, വീണ്ടുമെന്റെ ജീവനെ പുല്‍കുമോ.....

-2002

അഗ്നിശലാകകള്‍ നീറും മനസ്സിനോ-
രല്പം കുളിരും കനിവുമേകാന്‍
അടിയോളം വറ്റിവരണ്ടൊരീയാശതന്‍
അമൃതകുംഭങ്ങള്‍ക്കു കഴിവീലല്ലോ....

Tuesday, September 13, 2011

അപസ്വരങ്ങള്‍..

അന്ന്‌; ഇരുള്‍ മൂടുമെന്റെയേകാന്തമാം
മന്ദിരവാതില്‍ തിരഞ്ഞു വന്നെത്തി നീ
നിന്‍ മലര്‍ച്ചുണ്ടുകള്‍ ചുംബിച്ചിരുന്നൊരാ
ധന്യമാം പൊന്‍വേണു മോഹനമായ് പാടി
നിന്‍ ഹൃദന്തത്തില്‍ നിന്നെന്‍ ഹൃത്തിനാഴങ്ങള്‍
തേടിക്കുതിക്കുന്ന ഗാനപ്രവാഹങ്ങള്‍...
ആ ദേവരാഗങ്ങളെന്‍ നെഞ്ചിലലിയവേ,
ഞാനെന്‍ വിപഞ്ചിയും മീട്ടാന്‍ കൊതിച്ചു പോയ്
പാടാന്‍ വിതുമ്പിത്തുടിച്ചൊരാ വീണയെ
കാട്ടില്‍ ത്യജിച്ചു ഞാനെന്‍ മദം ചൊല്ലവേ
ഞാനെന്റെ ജാലകം സാന്ദ്രമൌനത്തിന്റെ
താഴിട്ടു പൂട്ടി നിന്‍ കാലൊച്ച കേള്‍ക്കവേ
ഞാനെന്റെ പാതയില്‍ കൂര്‍ത്ത പേമുള്ളുകള്‍
വാരി വിതച്ചു ഹാ! നീ നടന്നെത്തവേ
ചെന്നിണം വീണലിഞ്ഞാര്‍ദ്രമാം മണ്ണില്‍ നിന്‍
പൊന്നിന്‍ കുഴല്‍ വീണുടഞ്ഞതു കണ്ടു ഞാന്‍
മാനസം തെല്ലൊന്നു തേങ്ങിയോ, ധന്യമാ
ഗാനം നിലച്ചു; നീയെങ്ങോ മറഞ്ഞുപോയ്...

ഇന്ന്; വിമൂകമീ രാവിലിങ്ങേകയായ്
നിന്നു നിന്‍ ഗാനങ്ങളേറ്റു പാടട്ടെ ഞാന്‍
ഉള്ളില്‍, മറവിത്തമസ്സാര്‍ന്ന കാട്ടില്‍ നി-
ന്നെന്‍ വീണ തേടി പൊടി തൂത്തെടുത്തു ഞാന്‍
വീണ്ടും, പിടയ്ക്കും മനസ്സുമായെന്‍ ഭഗ്ന-
വീണ തന്‍ തന്ത്രികള്‍ നീര്‍ത്തി ബന്ധിച്ചു ഞാന്‍
പിന്നെ, വിറയ്ക്കും വിരല്‍ത്തുമ്പു ചേര്‍ത്തെന്‍
വിപഞ്ചിയില്‍ ഗാനം വിടര്‍ത്താന്‍ ശ്രമിക്കവേ,
ഹാ കഷ്ടമീ വീണ തന്‍ ശ്ളഥതന്ത്രികള്‍
പാടുവതെന്തേയപസ്വരം മാത്രമോ..
നീളെത്തുരുമ്പിച്ചൊരീ തന്ത്രികള്‍ വൃഥാ
മീട്ടും വിരല്‍ത്തുമ്പില്‍ ചോര പൊടിക്കവേ,
തിങ്ങും തമസ്സിലും മണ്ണിലും വിണ്ണിലും
നിന്നെ ഞാന്‍ തേടവേ, കാതോര്‍ത്തു കേഴവേ
നിന്‍ വേണുവെന്നെ വിളിക്കില്ല.. ഗായകാ,
എന്‍ മണ്‍വിപഞ്ചിയും വീണിന്നുടഞ്ഞു പോയ്...

-2000
എന്‍ മണിവീണതന്‍ തകരുന്ന തന്ത്രികള്‍
ശിഥിലവിഷാദസ്വരങ്ങള്‍ പാടി
ആര്‍ദ്രമായ് നിന്‍ വിരല്‍ തൊട്ട നിമേഷമാ
സാന്ദ്രവിഷാദമലിഞ്ഞൊഴുകി..
എന്‍ മനം മായാവിപഞ്ചിയായ് നീ ശ്രുതി
ചേര്‍ത്തതിന്‍ രാഗമായ്, താളമായി.
എന്‍ സ്മരണാംബരേ നിന്‍ മുഖം പാര്‍വണ-
ചന്ദ്രനായ് രാഗനിലാവു പെയ്കെ,
എന്‍ വീണ പാടിയ ഗാനങ്ങളത്രയു-
മെത്ര മധുരങ്ങളായിരുന്നു...

-2000

Monday, September 12, 2011

"കവിതയൊക്കെ ഇപ്പഴും ഉണ്ടോ..?"
വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ചോദിക്കാറുള്ള പഴയ സുഹൃത്തുക്കളോടു
"ഇല്ല, വഴിയില്‍ എവിടെയോ കളഞ്ഞുപോയി" എന്നു ചിരിച്ചൊഴിയും..
കവിത പോയിട്ട് വൃത്തിയുള്ള ഒരു വരി ഗദ്യമെഴുതാന്‍ പോലും ഭാഷ വഴങ്ങിത്തരുന്നില്ലല്ലോ ഇപ്പോള്‍..
പ്രജ്ഞയെ ആവേശിക്കുന്ന കവിതയുടെ ആ ഭ്രാന്തന്‍ ലഹരി, അതൊക്കെ എന്നേ വിട്ടൊഴിഞ്ഞു..
അന്നൊക്കെ എഴുതി നിറച്ചതെല്ലാം ഇപ്പോള്‍ വായിക്കുമ്പോള്‍ നല്ല ജാള്യത, അയ്യേ ഇതൊക്കെ എങ്ങനെ മനുഷ്യരെ കാണിക്കും എന്നാണ്‌ തോന്നുക.. എന്നാലും, നിലവാരം നോക്കാതെ post ചെയ്യാന്‍ ധൈര്യപ്പെടുകയാണ്, അന്നത്തെ ആ ആവേശതിന്റെ ഓര്‍മയില്‍..
എഴുതിത്തുടങ്ങിയ ഒരു 2000 മുതല്‍ 2009 വരെയൊക്കെ ഉള്ളതാണ്‌ ഇടുന്നത്‌. അതിനു ശേഷം...
എഴുതിയിട്ടില്ല, ഒന്നും..
ഇന്നിപ്പോള്‍, എന്നോ അന്യപ്പെട്ടുപോയ ആ മഴവഴികളിലേയ്ക്കു തിരികെ നടക്കണം എന്നൊരു സ്വകാര്യവ്യാമോഹം കൂടിയുണ്ട്‌ ഉള്ളില്‍...